ശ്രീനഗർ: ജമ്മുവിലെ കോട് ഭൽവാൾ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാൻ പൗരനായ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാക് പഞ്ചാബ് പ്രവിശ്യയിലെ സർഗോദ സ്വദേശിയായ ഷാഹിജ് ഇമ്രാൻ (36) ആണ് മരിച്ചത്.
മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഷാഹിദിനെ ജയിൽ സെല്ലിൽ അബോധാവസ്ഥയിലാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഉടൻ ജയിൽ അധികൃതർ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരിച്ചയാളുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ആത്മഹത്യക്കു ശ്രമിച്ചതായാണ് വിവരം.
2024 ഒക്ടോബറിൽ ജമ്മുവിലെ മക്വാൾ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിവഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ യാണ് ഷാഹിദ് ഇമ്രാൻ സുരക്ഷാസേനയുടെ പിടിയിലാകുന്നത്. സംഭവത്തിൽ ജയിൽ അധികൃതരും പൊലിസും അന്വേഷണം ആരംഭിച്ചു.